Poor Facilities For Staff In KSRTC Bus Station, Says CMD

30/11/2012 17:33

കോഴിക്കോട്: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ അവസ്ഥ സങ്കടകരമാണെന്നും അവ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാല്‍. വിവിധ ഡിപ്പോകള്‍ സന്ദര്‍ശിച്ചശേഷം കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍റിന്‍െറ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇതു പറഞ്ഞത്. കണ്ണൂര്‍, വയനാട് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഒരുപാട് സൗകര്യങ്ങള്‍ വേണ്ടതുണ്ട്.

അക്കാര്യങ്ങളെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡിപ്പോകള്‍ നന്നാക്കാനുള്ള ശ്രമങ്ങളുണ്ടാവും.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതിനുശേഷമേ പുതിയ സര്‍വീസുകളുടെ കാര്യം പരിഗണിക്കുകയുള്ളൂ എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന്‍െറ നിര്‍മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് അക്കാര്യം കെ.ടി.ഡി.എഫ്.സിയാണ് പറയേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

അനിശ്ചിതത്വം നീക്കി എത്രയും പെട്ടെന്ന് ബസ്സ്റ്റാന്‍ഡ് കോഴിക്കോടിന് സമര്‍പ്പിക്കാന്‍ ശ്രമിക്കും.
നിര്‍മാണത്തിനിടയിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ എന്നും എം.ഡി പറഞ്ഞു.

തൊട്ടില്‍പാലം, വടകര, തിരുവമ്പാടി, താമരശ്ശേരി, പാവങ്ങാട് ഡിപ്പോകളും നടക്കാവിലെ റീജ്യണല്‍ വര്‍ക്ക്ഷോപ്പുമാണ് എം.ഡി വ്യാഴാഴ്ച സന്ദര്‍ശിച്ചത്. സോണല്‍ ഓഫിസര്‍ വി.ജെ. സാജു, വര്‍ക്സ് മാനേജര്‍ രാജന്‍ മുണ്ടയില്‍, അസി. മാനേജര്‍ കെ. മുഹമ്മദ് സഫറുള്ള, വെല്‍ഫെയര്‍ ഓഫിസര്‍ വി. വിനോദ്കുമാര്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കെ. പ്രമോദ്, വിജിലന്‍സ് ഓഫിസര്‍ എ.ടി. അഹമ്മദ്കുട്ടി, സ്റ്റാന്‍റിങ് കോണ്‍സല്‍ അഡ്വ. എം. രാജന്‍, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികളായ അഷ്റഫ് കാക്കൂര്‍, അജിത്കുമാര്‍, ഗിരീഷ്കുമാര്‍, മാനോജ്കുമാര്‍, ബാലകൃഷ്ണന്‍ പല്ലത്ത്, ഇ.എ. ബഷീര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Source: Madhyamam