Great Response For Low Floor Buses In Kottayam

24/11/2012 20:01

എ.സി ലോഫ്‌ളോർ ബസ് കോട്ടയത്തുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. വരുമാനം റക്കാർഡ്. ഇരട്ടി ചാർജായാലും കുഴപ്പമില്ല യാത്ര സുഖകരമായിരിക്കണമെന്നാണ് കോട്ടയത്തുകാരുടെ ആഗ്രഹം. സിറ്റി സർവ്വീസ് മാറ്റി ജില്ലാന്തര സർവ്വീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സിയെ പോലും ഞെട്ടിച്ചുകൊണ്ട് കോട്ടയം സർവ്വീസ് റക്കാർഡ് വരുമാനം നേടി. തിങ്കളാഴ്ച മുതൽ തുടങ്ങിയ സർവീസിന് പ്രതിദിനം 25000 ത്തിൽ മുകളിലാണ് പ്രതിദിന വരുമാനം.

പാലാ സർവ്വീസിന് 14000ൽ താഴെയാണ് വരുമാനം. എ.സി ലോഫ്‌ളോർ ബസുകൾ ലാഭത്തിലോടണമെങ്കിൽ കിലോമിറ്ററിന് 50 രൂപയെങ്കിലും വരുമാനം ലഭിക്കണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ശരാശരി 25നും 40നും ഇടയിൽ മാത്രമെ ഇപ്പോൾ വരുമാനം ലഭിക്കുന്നത്. എറണാകുളം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ വരുമാനം 55ൽ അധികമാണ്.മറ്റ് റൂട്ടുകളിൽ കിലോമീറ്ററിന് 25മുതൽ40രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്. പാലാ റൂട്ടിൽ 33.50 രൂപയാണ് കിലോമീറ്ററിന് ലഭിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള കോർപ്പറേഷൻ പരിധിയിൽ കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസിൽ ആളെ കിട്ടാതെ വന്നപ്പോഴാണ് സർവീസ് മറ്റ് സ്ഥലങ്ങളിലേക്ക് ദീർഘിപ്പിക്കാൻ അധികൃതർ ആലോചന തുടങ്ങിയത്. തുടക്കത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ എതിർപ്പുകളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും ആ വെല്ലുവിളികൾ എല്ലാം കെട്ടിടങ്ങി. കോട്ടയം ഭാഗത്തുനിന്ന് എറണാകുളത്ത് ജോലിചെയ്യുന്നവർ മാത്രമല്ല. ഇടത്തരക്കാർപോലും ലോഫ്‌ളോർ ബസുകളെ ആശ്രയിക്കുന്നുണ്ട്. യാത്രയ്ക്ക് കാറുകളെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ ലോഫ്‌ളോർ ബസിലേക്ക് യാത്ര മാറ്റി കഴിഞ്ഞു.

നിലവിൽ തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽ നിന്നും ജില്ലാന്തര സർവീസ് തുടങ്ങിയ ഒരു ലോഫ്‌ളോർ ബസിനും ഇത്രയും കളക്ഷൻ ലഭിക്കുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി കണക്കുകൾ വ്യക്തമാക്കുന്നു. കോട്ടയം- എറണാകുളം റൂട്ടിൽ ആദ്യഘട്ടമായി പ്രതിദിനം മൂന്ന് ട്രിപ്പുകളാണ് ഉള്ളത്. രാവിലെ 8.10ന് കോട്ടയത്തെത്തുന്ന ബസ് 8.30ന് എറണാകുളത്തേക്ക് തിരികെ പോകും. പിന്നീട് 12.30ന് കോട്ടയത്തെത്തി എറണാകുളത്തേക്ക് 1.20ന് തിരികെ പോകും.

വൈകിട്ട് 5.20ന് കോട്ടയത്തെത്തുന്ന ബസ് രാത്രി 7ന് എറണാകുളത്തേക്ക് പോകും. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് 120 രൂപയാണ് ചാർജ്. കോട്ടയത്തുനിന്നും പുറപ്പെടുന്ന ബസിന് നാഗമ്പടം, സംക്രാന്തി, അടിച്ചിറ, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, ടോൾ, സൗത്ത് പറവൂർ, നടക്കാവ്, തൃപ്പൂണിത്തുറ, വൈറ്റില, സൗത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. റക്കാർഡ് ഭേദിച്ച് ഇനിയും ദിവസവരുമാനം വർദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Source: Kerala Kaumudy