കൊച്ചിയെ ഉപദ്രവിക്കല്ലേ !!

23/11/2012 01:53

കൊച്ചി . പൊതുഗതാഗതം ശക്തിപ്പെടുത്താനും നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും രാജ്യവ്യാപകമായി നടപടികളെടുക്കുമ്പോഴും കൊച്ചിയില്‍ ഉള്ള സൌകര്യങ്ങള്‍ പോലും ഇല്ലാതാവുന്നു.

. ‘തിരു കൊച്ചി, ‘ജനറം ബസുകളുമായി കെഎസ്ആര്‍ടിസി സജീവമായപ്പോള്‍ പെര്‍മിറ്റ് ഉപേക്ഷിച്ചു പോയ സ്വകാര്യ ബസുകള്‍ 85 എണ്ണമാണ്. കെഎസ്ആര്‍ടിസിയോടു പിടിച്ചുനില്‍ക്കാനാവാതെ ആലുവ – ഫോര്‍ട്ട്കൊച്ചി, ആലുവ – മട്ടാഞ്ചേരി, ആലുവ – തേവര, ആലുവ – പൂത്തോട്ട റൂട്ടുകളിലും കാക്കനാട്, പനങ്ങാട് ഭാഗങ്ങളിലേക്കുമൊക്കെ ഓടിയിരുന്ന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് പരിമിതമായ ചിറ്റൂര്‍ ഫെറി റൂട്ടില്‍ നിന്നു പോലും സ്വകാര്യ ബസുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. അനുവദിക്കാവുന്ന സിറ്റി പെര്‍മിറ്റുകള്‍ 630 എണ്ണമായി കോടതി പരിമിതപ്പെടുത്തിയിട്ടുള്ള കൊച്ചി നഗരത്തിലാണ് ഈ പിന്‍മാറ്റമെന്നതും ഓര്‍ക്കുക.

 

കെഎസ്ആര്‍ടിസി കൊച്ചിയില്‍ ആദ്യ ഘട്ടത്തില്‍ അവതരിപ്പിച്ചത് 50 ‘തിരു കൊച്ചി ബസുകള്‍; 32 എണ്ണം എറണാകുളം ഡിപ്പോയില്‍, ബാക്കി ആലുവയ്ക്ക്. തുടര്‍ന്നു ഗോശ്രീ പാലം വഴി നഗരത്തിലേക്കു സര്‍വീസ് നടത്താനുള്ളവയടക്കം 20 എണ്ണം കൂടി എത്തി. രണ്ടു വര്‍ഷം കഴിയുമ്പോള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ‘തിരു കൊച്ചി ബസുകളുടെ എണ്ണം ഇതിന്റെ പകുതിയോളമാണ്. ലഭിച്ച ബസുകള്‍ പറവൂര്‍, പിറവം, അങ്കമാലി തുടങ്ങിയ ഡിപ്പോകള്‍ക്കു വീതം വച്ചു നല്‍കിയതായിരുന്നു
ആദ്യ തിരിച്ചടി. ആലുവ ഡിപ്പോയിലെ ‘തിരു കൊച്ചി ബസുകള്‍ സീപോര്‍ട്ട് – എയര്‍ പോര്‍ട്ട് റോഡ് വഴിയുള്ള ആലുവ – കാക്കനാട് – തൃപ്പൂണിത്തുറ സര്‍വീസിനും പറവൂര്‍, പെരുമ്പാവൂര്‍ തുടങ്ങിയ ദേശസാല്‍കൃത റൂട്ടുകളിലേക്കും തിരിച്ചുവിട്ടതോടെ കൊച്ചി നഗരത്തില്‍ ‘തിരു കൊച്ചി ബസ് അപൂര്‍വമായി. മണ്ഡലക്കാലം തുടങ്ങിയപ്പോള്‍ തന്നെ ആറു ‘തിരു കൊച്ചി ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി പോയി. അയ്യപ്പ ഭക്തരുടെ പ്രവാഹം വര്‍ധിക്കുന്നതോടെ കൂടുതല്‍ ‘തിരു കൊച്ചി ബസുകളും പമ്പയ്ക്കു പോകുമെന്നു തീര്‍ച്ച. അതോടെ കൊച്ചി നിവാസികള്‍ക്കു ‘തിരു കൊച്ചി സര്‍വീസ് കണി കാണാന്‍ കിട്ടാതാവും. ചിലവന്നൂര്‍ റോഡ്, കസ്തൂര്‍ബാ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു വര്‍ഷങ്ങള്‍ക്കു മുന്‍പു ബസ് സര്‍വീസ് ഉണ്ടായിരുന്നു.

. ‘ജനറം പദ്ധതി പ്രകാരം കൊച്ചിക്ക് അനുവദിച്ചത് 50 എസി ലോ ഫ്ലോര്‍, 120 നോണ്‍ എസി സെമി ലോ ഫ്ലോര്‍, 30 മിനി ബസ് എന്നിവയാണ്. പക്ഷേ, കെഎസ്ആര്‍ടിസിയുടെ തന്നിഷ്ടപ്രകാരം 30 മിനി ബസുകള്‍ക്ക് ഓര്‍ഡര്‍ പോലും നല്‍കാതെ നഷ്ടപ്പെടുത്തി. അങ്ങനെ തമ്മനം – പുല്ലേപ്പടി, ചിലവന്നൂര്‍ ബണ്ട് റോഡ്, പേരണ്ടൂര്‍ റോഡ്, ദേശാഭിമാനി റോഡ് തുടങ്ങി നഗരത്തിലെ വീതി കുറഞ്ഞ റോഡുകളിലെ സര്‍വീസിനും സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കും അനുയോജ്യമായിരുന്ന മിനി ബസ് ചാപിള്ളയായി.

ഈ പദ്ധതി പ്രകാരം ഇതുവരെ 118 സെമി ലോ ഫ്ലോര്‍, 48 ലോ ഫ്ലോര്‍ എസി ബസുകള്‍ കൊച്ചിക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ കട്ടപ്പുറത്ത് ഉള്ളവ അടക്കം എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലുള്ളതു വിരലില്‍ എണ്ണാവുന്ന സെമി ലോ ഫ്ലോര്‍ ബസുകളാണ്. സലിം രാജന്‍ ഫ്ലൈ ഓവര്‍ നിര്‍മാണം സൃഷ്ടിച്ച സ്ഥലപരിമിതി മുതലാക്കി കെഎസ്ആര്‍ടിസി സെമി ലോ ഫ്ലോര്‍ ബസുകള്‍ കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പിറവം, പറവൂര്‍ ഡിപ്പോകള്‍ക്കു വീതിച്ചു നല്‍കി. ജില്ലയ്ക്കു പുറത്തുള്ള ചേര്‍ത്തല ഡിപ്പോയിലേക്കു വരെ ജനറം ബസ് നല്‍കി. ഇതോടെ സ്വകാര്യ ബസുകള്‍ സജീവമല്ലാത്ത അതിരാവിലെയും രാത്രി സമയത്തുമൊന്നും കെഎസ്ആര്‍ടിസിയും വിരളമായി. ഇതിനു പിന്നാലെയാണ് ‘ജനറം പദ്ധതി മാര്‍ഗരേഖകള്‍ ലംഘിച്ചു ലോ ഫ്ലോര്‍ എസി ബസുകള്‍ ഉപയോഗിച്ചു ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചത്.

. പുതുതായി ലഭിച്ച ആറു വോള്‍വോ ബസുകളാണു ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കുന്നതെന്നാണു ഗതാഗത മന്ത്രിയടക്കമുള്ളവരുടെ വാദം; എന്നാല്‍, ആറു ബസ് കൊണ്ടു മൂന്നു വീതം എറണാകുളം – കോഴിക്കോട്, എറണാകുളം – നിലമ്പൂര്‍ സര്‍വീസുകളും ഓരോ എറണാകുളം – കോട്ടയം, എറണാകുളം – പാലാ (രണ്ടിടത്തേക്കും ദിവസം മൂന്നു ട്രിപ്പ് വീതം) സര്‍വീസും നടത്തുന്ന ജാലവിദ്യ കെഎസ്ആര്‍ടി സിക്കു മാത്രമേ സാധ്യമാവൂ. തിരുവനന്തപുരത്തു നിന്നു സംഘടിപ്പിച്ച രണ്ടു ‘ജനറം വോള്‍വോ ഉപയോഗിച്ച് എറണാകുളത്തേക്കു പ്രതിദിനം മൂന്നു ട്രിപ്പ് ഓടിക്കുന്നതും കെഎസ്ആര്‍ടിസി കാഴ്ചവയ്ക്കുന്ന വിസ്മയമാണ്. ചുരുക്കത്തില്‍ പറഞ്ഞതിലേറെ എസി ബസുകള്‍ വഴിമാറ്റിയാണു കെഎസ്ആര്‍ടിസി പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതെന്നു വ്യക്തം.

. ‘തിരു കൊച്ചി, ‘ജനറം പദ്ധതികളിലായി 240 ബസുകള്‍ പുതുതായി ലഭിച്ചെങ്കിലും നഗരവാസികള്‍ക്കായി പുതിയ റൂട്ടുകള്‍ പരീക്ഷിക്കാന്‍ പോലും കെഎസ്ആര്‍ടിസി തയാറായില്ല. പരമ്പരാഗത റൂട്ടുകളായ ആലുവ – മട്ടാഞ്ചേരി, ആലുവ – ഫോര്‍ട്ട്കൊച്ചി, ആലുവ – പൂത്തോട്ട, പനങ്ങാട് – ആലുവ, കാക്കനാട് – ആലുവ, കുമ്പളങ്ങി, പുക്കാട്ടുപടി തുടങ്ങിയ സ്ഥിരം റൂട്ടുകള്‍ക്കു പുറമെ ആലുവയില്‍ നിന്നു തോപ്പുംപടി വഴി അരൂരിലേക്കും കുമ്പളങ്ങിയില്‍ നിന്നു പള്ളിമുക്ക്, വൈറ്റില വഴി കാക്കനാടിനും ബസ് ഓടിച്ചതു മാത്രമാണു പുതുമയായത്. ഗോശ്രീ പാലം വഴി നഗരത്തിലേക്കു ബസ് ഓടിക്കാന്‍ നിര്‍ബന്ധിതരായതിനാല്‍ പറവൂര്‍ – പൂത്തോട്ട, പറവൂര്‍ – കരിമുകള്‍, പറവൂര്‍ – കാക്കനാട് പോലുള്ള സര്‍വീസുകളും തുടങ്ങി.

കാര്യമായ മല്‍സരമില്ലാത്ത റൂട്ടില്‍ മാത്രമേ സെമി ലോ ഫ്ലോര്‍ ബസില്‍ ജനം കയറൂ എന്നു തിരിച്ചറിഞ്ഞതോടെ ഫോര്‍ട്ട്കൊച്ചി – കുണ്ടന്നൂര്‍ – തൃപ്പൂണിത്തുറ – മൂവാറ്റുപുഴ, ഐലന്‍ഡ് – പള്ളിമുക്ക് – മൂവാറ്റുപുഴ, കണ്ടെയ്നര്‍ റോഡ് (കോതമംഗലം, അങ്കമാലി) തുടങ്ങിയവയ്ക്കൊപ്പം ഇതുവരെ സര്‍വീസ് ഇല്ലാതിരുന്ന അങ്കമാലി – എറണാകുളം ജെട്ടി, കോതമംഗലം – എറണാകുളം ജെട്ടി റൂട്ടുകളിലും കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി.

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുമ്പോഴും പൊതുഗതാഗത സൌകര്യം പരിമിതമായ കടവന്ത്ര സുഭാഷ് ചന്ദ്രബോസ് റോഡ്, ചിലവന്നൂര്‍ ബണ്ട് റോഡ്, കടവന്ത്ര ഗാന്ധിനഗര്‍, തേവര – കോന്തുരുത്തി, കെ.പി. വള്ളോന്‍ റോഡ് – ആനാംതുരുത്തിചിറ – തേവര, ഇടപ്പള്ളി ഹൈസ്കൂള്‍ – എളമക്കര – പോണേക്കര, കലൂര്‍ – കറുകപ്പിള്ളി – പോണേക്കര, കതൃക്കടവ് – കാരണക്കോടം – തമ്മനം തുടങ്ങിയ ഭാഗങ്ങളെയൊക്കെ കെഎസ്ആര്‍ടിസി പൂര്‍ണമായി തഴഞ്ഞു.

. പൊതു ഗതാഗത സംവിധാനങ്ങള്‍ വേണ്ടെന്നു വച്ച് അമിത നിരക്ക് നല്‍കിയും ഓട്ടോറിക്ഷ പിടിച്ചു യാത്ര ചെയ്യാമെന്നു കരുതിയാലും കൊച്ചി നഗരത്തില്‍ രക്ഷയില്ല. കാരണം, നഗരത്തില്‍ വേണ്ടത്ര അംഗീകൃത ഓട്ടോറിക്ഷകളുമില്ല. കൊച്ചിയില്‍ സര്‍വീസ് നടത്താന്‍ സിറ്റി പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ കണക്കെടുപ്പു ഗതാഗത വകുപ്പു പൂര്‍ത്തിയാക്കുമ്പോള്‍ 2,815 എണ്ണമാണു കാണാതായത്.

. ബസും ബോട്ടും ഓട്ടോറിക്ഷയുമൊക്കെ ഉപേക്ഷിച്ചു ട്രെയിനില്‍ പോകാമെന്നു കരുതിയാലും രക്ഷയില്ല. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള എറണാകുളം – കായംകുളം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ അനന്തമായി നീളുമ്പോള്‍ തെക്കോട്ടുള്ളതു പരിമിതമായ ട്രെയിന്‍ സര്‍വീസുകളാണ്; അതുതന്നെ കുറേ എണ്ണം എറണാകുളം ടൌണ്‍ സ്റ്റേഷനില്‍ നിന്നും ബാക്കിയുള്ളവ എറണാകുളം ജംക്ഷന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന വിധത്തിലും.

വടക്കോട്ടാവട്ടെ വൈദ്യുതീകരിച്ച ഇരട്ടപ്പാത ലഭ്യമാണെങ്കിലും ഹ്രസ്വദൂര യാത്രക്കാര്‍ക്കു വേണ്ടിയുള്ള ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തില്‍ പുരോഗതിയേയില്ല. രാവിലെ ആറിന് ഗുരുവായൂര്‍, 7.30ന് ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ പോയാല്‍ പിന്നെയുള്ള പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെടുന്നതു വൈകിട്ട് 5.30നാണ്. അവസാന പാസഞ്ചര്‍ രാത്രി 8.15നു ഗുരുവായൂരിലേക്കും. തൃശൂരില്‍ നിന്ന് ഉച്ചയ്ക്ക് എറണാകുളത്തെത്തി മടങ്ങുന്ന സമയക്രമത്തോടെ പുതിയ ‘മെമു പ്രഖ്യാപിച്ചിട്ടുണ്ട്; പക്ഷേ, ഓടിത്തുടങ്ങിയിട്ടില്ല. ഇടയ്ക്കുള്ള എക്സ്പ്രസ് ട്രെയിനുകള്‍ പലതും അങ്കമാലിയിലും ചാലക്കുടിയിലും മാത്രമല്ല ആലുവയില്‍ പോലും നിര്‍ത്തുകയുമില്ല.

. കേരളത്തിലെ പ്രധാന വാണിജ്യ നഗരമെന്ന പെരുമയ്ക്കു യോജിച്ച പൊതുഗതാഗത സംവിധാനം കൊച്ചിയില്‍ ഉറപ്പാക്കണം. തിരുവനന്തപുരം നഗരത്തില്‍ നിലവിലുള്ള യാത്രാസൌകര്യം പോലും കൊച്ചിയില്‍ ലഭ്യമല്ലെന്നതാണു വാസ്തവം. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തി ഇതു സാധ്യമാക്കാം. വൈറ്റിലയില്‍ നിന്നു കൂടുതല്‍ സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പൂര്‍ണമായും ഹബ് വഴി തിരിച്ചുവിടുക. ഒപ്പം നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും ഹബ്ബില്‍ നിന്നു കാര്യക്ഷമമായ ഗതാഗത സംവിധാനം ഉറപ്പാക്കുക. ‘ജനറം പദ്ധതിയില്‍ ലഭിച്ച ബസുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുക.

കൊച്ചി നഗരത്തിലെ യാത്രാക്ളേശത്തിനു പൂര്‍ണമായ പരിഹാരം കണ്ട ശേഷം മാത്രം ‘ജനറം പദ്ധതിപ്രകാരം ലഭിച്ച ബസുകള്‍ മറ്റു സ്ഥലങ്ങളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുക. കൊച്ചിക്കു ലഭിച്ച ബസുകള്‍ കൊച്ചി നിവാസിക്ക് ഉപകരിക്കാതെ കെഎസ്ആര്‍ടിസിക്കു ലാഭം നേടാനുള്ള ഉപാധിയാക്കുന്നത് അന്യായമാണ്.

പൊതുഗതാഗത സംവിധാനത്തില്‍ കൊച്ചിയോട് തുടരുന്ന അവഗണനയോട് പ്രതികരിക്കാം.

Source: Malayala Manorama